ദളപതി വിജയുടെ 68-മത്തെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന് പുതുവത്സരദിനത്തിൽ ആരാധകർക്കായി പുറത്തിറക്കിയിരിക്കുകയാണ്. ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ ( ദ ഗോട്ട്) എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
ലിയോയുടെ വൻ വിജയത്തിന് ശേഷം ഒരുങ്ങുന്ന ചിത്രം കൂടിയായ ‘ദ ഗോട്ട്’ പോസ്റ്ററിൽ, പാരച്യൂട്ട് ലാൻഡിങ്ങിന് ശേഷം രണ്ട് ദളപതി വിജയ് പരസ്പരം മുഷ്ടിചുരുട്ടി നടക്കുന്നതാണ് പോസ്റ്ററിൽ കാണുന്നത്. എന്നാൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഒരാൾ പ്രായമായതും മറ്റൊരാൾ വളരെ ചെറുപ്പക്കാരനായും തോന്നുന്നു.
എ.ജി.എസ് എന്റർടൈൻമെന്റ് ബാനറിൽ നിർമ്മിക്കുന്ന ചിത്രം വെങ്കട്ട് പ്രഭു ആണ് സംവിധാനം ചെയ്യുന്നത്. 2024-ൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ഇപ്പോഴും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
ചിത്രത്തിൽ വിജയെ കൂടാതെ മീനാക്ഷി ചൗധരി, ജയറാം, പ്രഭുദേവ, മോഹൻ, ശാന്ത്, അജ്‌മൽ അമീർ, യോഗി ബാബു, വി.ടി.വി ഗണേഷ്, സ്നേഹ, ലൈല, അരവിന്ദ്, വൈഭവ്, പ്രേംജി അമരൻ, അജയ് രാജ് എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു.
ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്, അടുത്തിടെ ഹൈദരാബാദിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. ജനുവരിയിൽ അടുത്ത ഷെഡ്യൂളിന് വേണ്ടി ശ്രീലങ്കയിൽ എത്തും എന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും വെങ്കട്ട് പ്രഭുവും വിജയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായതിനാൽ, ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.