ലോകേഷിന്റെ സംവിധാനത്തിൽ രാജിനികാന്തിനെ നായകനാക്കി ഒരുക്കുന്ന ‘തലൈവർ 171’-ൽ മമ്മൂട്ടി എത്തുന്നു എന്നുള്ള വാർത്ത വന്നിരുന്നു. എന്നാൽ ഇപ്പോൾ അതിന് ഒരു വ്യക്തത നൽകിയിരിക്കുകയാണ് മമ്മൂട്ടി.
‘കാതൽ-ദി കോർ’ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ആഭിമുഖത്തിൽ, ലോകേഷ് സിനിമയ്ക്കായി തന്നെ സമീപിച്ചു എന്നുള്ള വാർത്തകൾ നിഷേധിച്ചിരിക്കുകയാണ് മമ്മൂട്ടി.
” ഞാനും കേട്ടിരുന്നു വാർത്ത, അതിലൊരു സത്യവുമില്ല. നമുക്ക് ഇതൊക്കെ പോരേ, വിളിക്കട്ടെ വിളിക്കുമ്പോൾ ആലോചിക്കാം. ഇതുവരെ വിളിച്ചിട്ടില്ല, എനിക്ക് ലോകേഷിനെ പരിചയമില്ല. ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത് കുഴപ്പമില്ല, കിട്ടിയാൽ കൊള്ളാം ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല” മമ്മൂട്ടി പറഞ്ഞു.
ജിയോ ബേബി സംവിധാനം ചെയ്ത് നവംബർ 23-ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് ‘കാതൽ ദി കോർ’. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരം ജ്യോതികയാണ്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ മുത്തുമണി, ലാലു അലക്സ്, അനഘ അക്കു, ആദർശ് സുകുമാരൻ, ജോസി സിജോ എന്നിവർ അഭിനയിക്കുന്നു.